
ഇസ്ലാമാബാദ്/ദോഹ: മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടു. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ സമാധാന കരാറിലെത്താതെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സംഘവും മടങ്ങി. വാഷിംഗ്ടൺ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറായില്ലെന്ന് വാൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പാണ് അമേരിക്ക പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാൽ ഒരൊറ്റ സെഷനിൽ തന്നെ വലിയൊരു കരാറിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെടുകയും എണ്ണ വിതരണത്തിൽ വലിയ പ്രതിസന്ധി നേരിടുകയും ചെയ്തിട്ടുണ്ട്. നിലവിലെ വെടിനിർത്തൽ തുടരണമെന്ന് പാകിസ്ഥാൻ ഇരുപക്ഷത്തോടും അഭ്യർത്ഥിച്ചു.











